വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി ഹര്‍ഷിത അത്തല്ലൂരി ഇന്ന് കൊല്ലത്ത്
|നീതി ലഭിക്കും എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പ്രതീക്ഷ
വിസ്മയയുടെ മരണത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി കൊല്ലത്തെത്തും. അന്വേഷണ ഉദ്യോഗസ്ഥരുമായി ഐജി ആശയവിനിമയം നടത്തും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പ്രതീക്ഷ.
ഇന്ന് കൊല്ലത്തെത്തുന്ന ഐജി വിസ്മയയുടെ കുടുംബാംഗങ്ങളുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാര്‍ പുരുഷോത്തമനുമായും കൂടിക്കാഴ്ച നടത്തും. അന്വേഷണ പുരോഗതി വിലയിരുത്തുകയാണ് ഐജിയുടെ സന്ദര്‍ശന ലക്ഷ്യം. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച പൊലീസ് എത്തി നിൽക്കുന്നത് തൂങ്ങിമരണം എന്ന പ്രാഥമിക നിഗമനത്തിലാണ്. എന്നാൽ മരണത്തിലെ അസ്വാഭാവികത ഉൾപ്പെടെ വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കേസില്‍ കിരണിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിരണിന്റെ കുടുംബത്തെ ചോദ്യംചെയ്തേക്കും.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മകളുടെ മരണം കൊലപാതകം എന്ന നിലപാടില്‍ കുടുംബം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. അതേസമയം അന്വേഷണത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ കുടുംബത്തിന് സംതൃപ്തിയുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.