Kerala
കോതിയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഹർത്താൽരഹിത കേന്ദ്രമായ നൈനാംവളപ്പിലടക്കം  കടകൾ തുറന്നില്ല
Kerala

കോതിയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഹർത്താൽരഹിത കേന്ദ്രമായ നൈനാംവളപ്പിലടക്കം കടകൾ തുറന്നില്ല

Web Desk
|
25 Nov 2022 6:59 AM GMT

പ്ലാന്‍റ് പ്രദേശത്തെ ചുറ്റുമതിൽ നിർമാണവും ഇന്ന് നടന്നില്ല

കോഴിക്കോട് : കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശത്ത് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹർത്താൽ രഹിത കേന്ദ്രമായ നൈനാംവളപ്പിലടക്കം ഇന്ന് കടകൾ തുറന്നില്ല. പ്ലാന്‍റ് പ്രദേശത്തെ ചുറ്റുമതിൽ നിർമാണവും ഇന്ന് നടന്നില്ല.

പതിറ്റാണ്ടുകളായി രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലിനോട് നോ പറയുന്ന നൈനാംവളപ്പ് പള്ളിക്കണ്ടി കൂടാതെ കോതി, കുറ്റിച്ചിറ, ഇടിയങ്ങര, മുഖദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഹർത്താലുള്ളത്. കടകള്‍ പൂർണമായി അടഞ്ഞുകിടന്നു. ജനങ്ങളുടെ എതിർപ്പ് മറികടന്നും ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം നടക്കുന്നതിനും അതിന്‍റെ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഹർത്താല്‍. ഹർത്താല്‍ മൂലം ഇന്ന് പ്ലാന്‍റ് പ്രദേശത്ത് നിർമാണ പ്രവർത്തനം നടത്താന്‍ കോർപറേഷന് അധികൃതരെത്തിയിരുന്നില്ല. അതിനാല്‍ മറ്റു പ്രതിഷേധങ്ങള്‍ ഇന്നുണ്ടായില്ല. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ 41 പേർക്ക് ഇന്നലെ രാത്രി കോടതി ജാമ്യം അനുവദിച്ചിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് വിഷയം പ്രതിപക്ഷം ഉന്നയിക്കും.

Related Tags :
Similar Posts