വി.സി നിയമനം; കാസർകോട് കേന്ദ്ര സർവകലാശാലയ്ക്കും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്
|വൈസ് ചാൻസലർ പദവിയിലേക്ക് അപേക്ഷിച്ച ഗുജറാത്ത് സ്വദേശിയുടെ ഹരജിയിലാണ് നടപടി.
കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി നിയമനത്തിൽ കേന്ദ്ര സർക്കാരിനും സർവകലാശാലയ്ക്കും ഹൈക്കോടതി നോട്ടീസ്. പ്രഫസർ എച്ച്. വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിലാണ് നടപടി.
വൈസ് ചാൻസലർ പദവിയിലേക്ക് അപേക്ഷിച്ച ഗുജറാത്ത് സ്വദേശി ഡോ. ടി.എസ് ഗിരീഷ് കുമാറാണ് കോടതിയെ സമീപിച്ചത്. നേരത്തെ, പ്രഫ. എച്ച് വെങ്കിടേശ്വരലുവിനെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശി ഡോ. നവീൻ പ്രകാശ് നൗട്യാൽ നൽകിയ ഹരജിയിൽ സർവകലാശാലയ്‌ക്കും വി.സിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
നാലാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണമെന്നായിരുന്നു ഒക്ടോബർ 14ന് അയച്ച നോട്ടീസിലെ നിർദേശം. വി.സി നിയമനം ശരിയായ രീതിയിലല്ല നടന്നതെന്നാരോപിച്ച് നൽകിയ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ഹരജി നവംബർ 14ന് പരിഗണിക്കും.
ക്വോ വാറന്റോ ഹരജിയിൽ നോട്ടീസ് ലഭിച്ചാൽ പദവിയിൽ നിന്ന് മാറിനിൽക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ ഹരജിയിൽ വൈസ് ചാൻസലർക്ക് നൽകിയ നോട്ടീസ് അത്തരത്തിലുള്ളതായി പരിഗണിക്കേണ്ടതില്ലെന്ന് ഉത്തരവിൽ പറഞ്ഞു.
2019ലാണ് കാസർകോട് കേന്ദ്രസർവകലാശാലാ വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ സെലക്ഷൻ കമ്മിറ്റി, 223 അപേക്ഷകരിൽ നിന്ന് 16 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ചു പേർ ഉൾപ്പെട്ട പാനൽ സർവകലാശാല വിസിറ്റർ കൂടിയായ രാഷ്ട്രപതിക്ക് സമർപ്പിച്ചു.
എന്നാൽ, ഈ പാനലിൽ യോഗ്യരായ ഉദ്യോഗാർഥികളില്ലെന്നു പറഞ്ഞ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസവകുപ്പ് രാഷ്‌ട്രപതിക്ക് കുറിപ്പുനൽകി. വിസിറ്റർ ആവശ്യപ്പെട്ടതനുസരിച്ച് സെലക്ഷൻ കമ്മിറ്റി നൽകിയ പുതിയ പാനലിൽ നിന്നാണ് നിയമനം നടത്തിയതെന്നാണ് ആരോപണം.
സെലക്ഷൻ കമ്മിറ്റി നിർദേശിച്ച പാനലിലുള്ളവർക്ക് യോഗ്യതയില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പറയാനാകില്ലെന്നും ഇത്തരമൊരു നിർദേശം സ്വീകരിക്കാൻ വിസിറ്റർക്ക് നിയമപരമായി കഴിയില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.