വധശിക്ഷക്ക് വിധിച്ച രണ്ട് പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്
|ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്, ജിഷ കൊലക്കേസുകളിലാണ് നിര്‍ദേശം
കൊച്ചി: വധശിക്ഷക്ക് വിധിച്ച രണ്ട് പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിർദേശം നൽകിയത്. വധശിക്ഷ സംബന്ധിച്ച് സുപ്രിംകോടതി നിർദേശപ്രകാരമാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും. പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ് നിർദേശം നൽകിയത്. ജയിലിൽ അടച്ചതിന് ശേഷം പ്രതികൾക്ക് ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജയിൽ ഡിജിപിയോടും റിപ്പോർട്ട് തേടി. വിചാരണ കോടതി ശിക്ഷ വിധിച്ചതിനെതിരെ ഹൈക്കോടതിയിൽ പ്രതികളുടെ അപ്പീൽ പരിഗണനയിലുണ്ട്.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച രണ്ട് കേസുകളിലെ പ്രതികളെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് . ഇതിനായി ഡൽഹി നാഷ്ണൽ ലോ സ്ക്കൂളിലെ 'പ്രൊജക്ട് 39 എ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ കോടതി ചുമതലപ്പെടുത്തി. പ്രതികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങൾ പരിശോധിച്ചു റിപ്പോർട്ട്നൽകുന്നതിനായി സംസ്ഥാന സാമൂഹിക സുരക്ഷാ വകുപ്പിലെ പ്രൊബേഷൻ ഓഫീസർമാരുടെ സേവനവും ഹൈക്കോടതി ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ മുൻപ് എന്തെങ്കിലും രീതിയിലുള്ള ക്രൂരകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ടവരാണോ എന്ന് പരിശോധിക്കും. കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവസ്ഥയോ മറ്റ് മാനസിക വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാകും. ജയിലിലടക്കപ്പെട്ട പ്രതികളുടെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ റിപ്പോർട്ടായി സമർപ്പിക്കാൻ ജയിൽ ഡിജിപിക്കും കോടതി നിർദേശം നൽകി . വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കാനിരിക്കെയാണ് നിർണായകമായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
റിപ്പോർട്ടിന്റെ പകർപ്പ് സീൽഡ് കവറിൽ കോടതിക്ക് കൈമാറാനാണ് നിർദേശം. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിന് തിരുവനന്തപുരംസെഷൻസ് കോടതിയും ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന് പെരുമ്പാവൂർ കോടതിയുമാണ് വധശിക്ഷ വിധിച്ചത്.