Kerala
HC slams KSRTC in pension controversy
Kerala

'സ്വത്ത് വിൽക്കൂ': ആനുകൂല്യ വിതരണത്തിൽ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി വിമർശനം

Web Desk
|
16 Feb 2023 9:57 AM GMT

ആനുകൂല്യങ്ങൾ നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ സമ്മതിക്കാതെ നിലനിർത്തൂ എന്നും ഹൈക്കോടതി

കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യ വിതരണ വിവാദത്തിൽ വിമർശനവുമായി ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി സ്വത്ത് വിൽക്കൂ എന്ന് വിമർശിച്ച കോടതി ആനുകൂല്യങ്ങൾ നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ സമ്മതിക്കാതെ നിലനിർത്തൂ എന്നും പരിഹസിച്ചു.

അതേ സമയം വിരമിച്ച ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസം നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവിറക്കി. ബാക്കി തുക മുൻഗണന അനുസരിച്ച് അതിനുശേഷം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.

വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിൽ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കാട്ടി കെഎസ്ആർടിസി ഹൈക്കോടതിയിൽ തടസവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ തന്നെ തിരുത്തൽ തേടി ഹൈക്കോടതിയിൽ അതേ ബെഞ്ചിൽ തന്നെ അപേക്ഷ സമർപ്പിക്കുകയുമുണ്ടായി. ഇതിലാണ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേട്ടത്.

ജീവനക്കാർക്ക് ആനുകൂല്യം നൽകാത്തത് നീതികേടാണെന്നും മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 2022 ജനുവരിക്ക് ശേഷം വിരമിച്ച 1002 പേർക്കും ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് ഉത്തരവ്. ജീവനക്കാർക്ക് അൽപമെങ്കിലും ആശ്വാസമാകട്ടെ എന്നായിരുന്നു ഉത്തരവിന് പിന്നാലെ കോടതിയുടെ പരാമർശം. മക്കളുടെ വിവാഹം, അടിയന്തര മെഡിക്കൽ ആവശ്യം, ലോൺ തിരിച്ചടവ് എന്നീ ആവശ്യങ്ങൾക്കുള്ള ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റി വയ്ക്കണമെന്നത് കോടതി ഉത്തരവാണെന്നറിയിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്നും ചോദിച്ചു. ഏപ്രിൽ മുതൽ ഇത് തുടരാമെന്ന് കെഎസ്ആർടിസി അറിയിച്ചെങ്കിലും കെഎസ്ആർടിസിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു കോടതിയുടെ വിമർശനം.


Similar Posts