സംസ്ഥാനത്ത് ഒമിക്രോൺ പരിശോധന വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്
|വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ കർശനമാക്കാനുള്ള നടപടിയും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഒമിക്രോൺ പരിശോധന വർധിപ്പിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. ഒമിക്രോൺ കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നിർണായകമായ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ കർശനമാക്കാനുള്ള നടപടിയും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്ത് 25 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 305 പേർക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ട്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് 209 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ആകെ 64 പേരും സംസ്ഥാനത്തെത്തിയിട്ടുണ്ട്. 32 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.