'പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ച്'; പ്രശാന്തന് കുരുക്കായി ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്
|പ്രശാന്തനെതിരെ തുടർനടപടി വേണമെന്നും ശിപാർശ.
കണ്ണൂര്‍: കണ്ണൂരിൽ എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തന് കുരുക്കായി ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തി. സർവീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം പ്രശാന്തന്‍ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശാന്തനെതിരെ തുടർനടപടി വേണമെന്നും ശിപാർശ. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം പ്രശാന്തന്‍റെ മൊഴിയെടുത്തിരുന്നു. പ്രശാന്തനെ സർവീസിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യ പറഞ്ഞ കാര്യങ്ങളും ആരോഗ്യമന്ത്രി തള്ളിയിരുന്നു. പരിയാരം മെഡിക്കൽ കോളജിലെ കരാര്‍ ജീവനക്കാരനായ ടിവി പ്രശാന്തനെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. സർക്കാരിന്‍റെ ശമ്പളം പ്രശാന്തന്‍ ഇനി വാങ്ങില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈക്കൂലി വാങ്ങിയെന്നത് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.