ശസ്ത്രക്രിയയെ തുടർന്ന് യുവാവിന്റെ വൃഷ്ണം പ്രവർത്തനരഹിതമായെന്ന പരാതി; നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി
|എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ ഗിരീഷ് ആണ് പരാതിക്കാരൻ
വയനാട്: മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലെ വീഴ്ചയെ തുടർന്ന് യുവാവിന്റെ വൃഷ്ണം പ്രവർത്തനരഹിതമായെന്ന പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡി.എച്ച്.എസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ സർജൻ ഡോ. ജുബേഷിനെതിരെയാണ് ആക്ഷേപം. ആരോഗ്യവകുപ്പിലെ തന്നെ ജീവനക്കാരനാണ് പരാതിക്കാരൻ.
എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെർണിയ ശസ്ത്രക്രിയക്കായി വയനാട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയക്കിടെ വൃഷ്ണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച് എടുക്കാനെത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടർ ഗിരീഷിനെ അറിയിക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃഷ്ണത്തിന്റെ പ്രവർത്തനം നിലച്ചതായി കണ്ടെത്തുകയും വൃഷ്ണം നീക്കം ചെയ്യുകയുമായിരുന്നു.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമിച്ചിട്ടില്ല. നീതി ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.