![health minister personal staff case Akhil Sajeev case against Kollam health minister personal staff case Akhil Sajeev case against Kollam](https://www.mediaoneonline.com/h-upload/2023/09/30/1390747-health-minister-personal-staff-case-akhil-sajeev-case-against-kollam.webp)
കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടി; അഖിൽ സജീവിനെതിരെ കൊല്ലത്തും കേസ്
![](/images/authorplaceholder.jpg?type=1&v=2)
കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് കേസ്
നിയമനക്കോഴ ഇടപാടിൽ ഇടനിലക്കാരൻ എന്ന് ആരോപിക്കുന്ന അഖിൽ സജീവിനെതിരെ കൊല്ലത്തും തട്ടിപ്പ് കേസ്. കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അഖിൽ സജീവ് തട്ടിപ്പ് നടത്തിയത് പരാതിക്ക് പിന്നാലെയാണ് മറ്റു സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നത്. കൊല്ലത്തും അഖിലിന് എതിരെ വെസ്റ്റ് സ്റ്റേഷനിൽ സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. കേസിൽ അഖിലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.
2021ൽ സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് കെൽട്രോണിലെ എച്ച് ആർ വിഭാഗം ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ സമീപിച്ചത്. കൊല്ലം തേവള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതിയിൽ വെഞ്ഞാറമൂട് സ്വദേശി ശിവൻ, നെടുമങ്ങാട് സ്വദേശി ശരത് എന്നിവരും പ്രതികളാണ്. അഖിൽ സജീവ് ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ എന്നാണ് പൊലീസ് കണ്ടെത്തൽ. മകന് കെൽട്രോണിൽ സിഐടിയുവിന്റെ കോട്ടയിൽ സെയിൽസ് മാനേജരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
20 ലക്ഷം രൂപ ജോലിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. 2021 മാർച്ച് മുതൽ നവംബർ വരെ 34 തവണകളായി പ്രതികളുടെ അക്കൗണ്ടിലേക്ക് 32 ലക്ഷത്തി 92000 രൂപ നിക്ഷേപിച്ചു. തുടർന്ന് അഖിൽ പരാതിക്കാരനെ വീണ്ടും ബന്ധപ്പെട്ട് കൂടുതൽ തുക വേണമെന്നും, സീനിയർ പോസ്റ്റ് ആയതുകൊണ്ട് മറ്റ് യൂണിയനുകൾക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടു.
വീണ്ടും 36 തവണകളായി അഖിലിന്റെ പത്തനംതിട്ടയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് 15,80,500 രൂപ നിക്ഷേപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയും പണവും ലഭിച്ചില്ല. പ്രതികളെ ബന്ധപ്പെട്ടിട്ട് മറുപടിയും നൽകിയില്ല. ഇതോടെ ആണ് പറ്റിക്കപ്പെട്ടു എന്ന് വിവരം പരാതിക്കാരൻ മനസ്സിലാക്കുന്നത്. കൊല്ലം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ വിശ്വാസവഞ്ചന, കബളിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളെ ഇതുവരെയും പിടികൂടാത്തതിന് പിന്നിൽ അഖിലിന്റെ ഉന്നത ബന്ധം ആണെന്ന് പരാതിക്കാരൻ സംശയിക്കുന്നു.