ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി
|അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്‍റെ പൊതുവിവരമായി കാണാൻ പാടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു
ആരോഗ്യമന്ത്രിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ ഡോ.പ്രഭുദാസിന്‍റെ ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അട്ടപ്പാടിയിലെ ഫീൽഡ് തല പ്രവർത്തനം എങ്ങനെ നടക്കുന്നു എന്ന് വിലയിരുത്തുന്നതിനാണ് അവിടെ പോയതെന്നും മന്ത്രി വിശദീകരിച്ചു.
ശിശുമരണങ്ങൾ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്നും അല്ലാത്തപ്പോൾ താൻ പറയുന്നത് കേൾക്കാൻ പോലും ആരും തയ്യാറാകില്ലെന്നും പ്രഭുദാസ് പറഞ്ഞു. തന്നെ അഴിമതിക്കാരനാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നെ മാറ്റിനിർത്തി മുന്നോട്ടുപോകാനാണ് താൽപര്യമെങ്കിൽ സന്തോഷമേയുള്ളുവെന്നും ഡോ. പ്രഭുദാസ് വ്യക്തമാക്കി.
സൂപ്രണ്ടിനെ ഒഴിവാക്കിയതല്ലെന്നും തിരുവനന്തപുരത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ യോഗം നേരത്തെ നിശ്ചയിച്ചതായിരുന്നെന്നും തൻെറ സന്ദർശനം പെട്ടെന്നുണ്ടായതാണെന്നും മന്ത്രി വീണാ ജോർജ്ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പക്ഷേ തിരുവനന്തപുരത്ത് അങ്ങനെയൊരു യോഗംതന്നെ ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രഭുദാസിന്‍റെ പ്രതികരണം. അതേസമയം അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുറന്നടിച്ചു.
.