Kerala
ജനജീവിതത്തെ ബാധിക്കും; സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി
Kerala

ജനജീവിതത്തെ ബാധിക്കും; സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

Web Desk
|
8 Jan 2022 5:40 AM GMT

അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നു വരുന്നവർക്കുള്ള ക്വാറന്‍റൈന്‍ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഡി.എച്ച്.എസിൽ നിന്നാണ് ഫയലുകൾ കാണാതായതെന്ന് വീണ ജോര്‍ജ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പുള്ള ഫയലുകളാണ് കാണാതായത്. ഏത് ഫയലാണ് നഷ്ടപ്പെട്ടതെന്ന് അറിയില്ല. ആരോഗ്യവകുപ്പിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏഴ് ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇന്നലെ 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 305 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,296 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.2 ശതമാനമായി ഉയര്‍ന്നു. തിരുവനന്തപുരത്തും എറണാകുളത്തും ആയിരത്തിന് മുകളിലാണ്.

Similar Posts