Kerala
കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ സമ്മേളനങ്ങള്‍ നടത്താവൂ, എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകം: വീണാ ജോര്‍ജ്
Kerala

കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ സമ്മേളനങ്ങള്‍ നടത്താവൂ, എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകം: വീണാ ജോര്‍ജ്

Web Desk
|
21 Jan 2022 7:34 AM GMT

കേരളം അടച്ചുപൂട്ടാതിരിക്കാനാണ് പുതിയ മാനദണ്ഡമെന്ന് ആരോഗ്യമന്ത്രി

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

"കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ എല്ലാ പരിപാടികളും നടത്താവൂ.. സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും വാര്‍ത്താസമ്മേളനങ്ങളും സന്ദര്‍ശനങ്ങളുമെല്ലാം നടത്താവൂ. ഇതില്‍ രാഷ്ട്രീയകക്ഷി ഭേദമൊന്നുമില്ല. എല്ലാവര്‍ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണം"- വീണാ ജോര്‍ജ് പറഞ്ഞു.

കേരളം വീണ്ടും അടച്ച് പൂട്ടലിലേക്ക് പോകണോ എന്നും വീണാ ജോര്‍ജ് ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കപ്പെടണോ? ഇതെല്ലാം ഒഴിവാക്കാനാണ് പുതിയ കോവിഡ് പ്രോട്ടോകോള്‍. കോവിഡ് പ്രോട്ടോകോൾ പാലിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശാസ്ത്രീയമായ മാനദണ്ഡ പ്രകാരമാണിത്. സ്ഥാപനങ്ങളില്‍ 10ലധികം പേർക്ക് രോഗം വന്നാൽ അത് ലാർജ് ക്ലസ്റ്റർ ആകും. ഇത്തരത്തില്‍ അഞ്ച് ലാർജ് ക്ലസ്റ്റർ ഉണ്ടായാൽ 5 ദിവസത്തേക്ക് അടയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു. അടച്ചുപൂട്ടല്‍ അവസാന മാർഗം മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു

ആരോഗ്യത്തിൽ വ്യക്തപരമായ ശ്രദ്ധ പുലർത്തണം. പനിയും ലക്ഷണങ്ങളും ഉള്ളവർ പൊതുഇടത്തിൽ ഇറങ്ങരുത്. മറ്റ് രോഗങ്ങൾ ഉള്ളവർ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കണം. സ്ഥാപനങ്ങളിലും ഇൻഫക്ഷൻ കൺട്രോൾ ടീം ഉണ്ടാവണം. സ്ഥാപനങ്ങൾ അവർക്ക് പരിശീലനം നൽകണം. ചെക്ക് ലിസ്റ്റ് വെച്ച് എല്ലാ ദിവസവും പരിശോധിക്കണമെന്നും വീണാ ജോര്‍ജ് വിശദീകരിച്ചു.

Similar Posts