Kerala
organs Selvin Shekhar reached Kochi from Thiruvananthapuram via helicopter
Kerala

സെൽവിൻ ഇനി ആറുപേർക്കു ജീവനാകും; ഹൃദയവുമായി ഹെലികോപ്ടർ കൊച്ചിയില്‍

Web Desk
|
25 Nov 2023 5:47 AM GMT

50 മിനിറ്റെടുത്താണ് ഹെലികോപ്ടർ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് സ്വദേശി സെൽവിൻ ശേഖറിന്റെ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഹെലികോപ്ടർ മാർഗം ഹൃദയം എത്തിച്ചത്. വൃക്കയും പാൻക്രിയാസും ഇതോടൊപ്പമുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇടപെടലോടെയാണ് ഹെലികോപ്റ്റർ മാർഗം അവയവങ്ങൾ കൊച്ചിയിൽ എത്തിച്ചത്.

50 മിനിറ്റെടുത്താണ് ഹെലികോപ്ടർ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. അവയവങ്ങൾ അതിവേഗം ആശുപത്രികളിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. മിനിറ്റുകള്‍ക്കകം തന്നെ ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു. ഇവിടെയാണ് ഹരിനാരായണന്റെ ശസ്ത്രക്രിയ നടക്കുന്നത്. പാൻക്രിയാസും വൃക്കയും ആസ്റ്റർ മെഡിസിറ്റിലും എത്തിച്ചു. ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചതിനു തിൊട്ടുപിറകെയാണ് ബാക്കി അവയവങ്ങൾ അതിവേഗം ആസ്റ്ററിലേക്ക് കൊണ്ടുപോയത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നാണ് അവയവങ്ങൾ എത്തിയത്. നഴ്‌സ് കൂടിയായ സെൽവിന്‍ ശേഖറിിനെ തലവേദന രൂക്ഷമായാണു ദിവസങ്ങൾക്കുമുൻപ് കിംസിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷം തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ഇതിന്റെ ചികിത്സ നടക്കുമ്പോഴാണു മസ്തിഷ്‌കമരണം സംഭവിക്കുന്നത്. തുടർന്ന് സെൽവന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യാൻ ഭാര്യ തീരുമാനിക്കുകയായിരുന്നു. മൂന്ന് അവയവങ്ങൾ കൊച്ചിയിലെ ആശുപത്രികളിലും ഒരു അവയവം കിംസിലും കണ്ണുകൾ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലുമുള്ള രോഗികൾക്കാണ് ദാനം ചെയ്യുന്നത്.

Summary: A team of doctors arrived in Kochi from Thiruvananthapuram via helicopter with the organs of Selvin Shekhar, a native of Tamil Nadu who was brain dead

Similar Posts