വെന്തുരുകി പാലക്കാട്; 35 മുതൽ 38 ഡിഗ്രി വരെ ശരാശരി താപനില
|പാലക്കാട് ജില്ലയിൽ നെല്ല് പാടങ്ങൾ കൊയ്ത്തിന് തയ്യാറെടുക്കുകയാണ്
പാലക്കാട്: മാർച്ച് എത്തും മുമ്പേ പാലക്കാട് ജില്ല വെന്തുരുകുകയാണ് . 35 മുതൽ 38 ഡിഗ്രി വരെയാണ് ജില്ലയിലെ ശരാശരി താപനില. ചൂട് കൂടുന്നതോടെ പുറത്തിറങ്ങാൻ ആളുകൾ മടിക്കുകയാണ് .
പാലക്കാട് ജില്ലയിൽ നെല്ല് പാടങ്ങൾ കൊയ്ത്തിന് തയ്യാറെടുക്കുകയാണ്. ജില്ലയിൽ നെല്ല് വയലുകളിലാണ് ആളുകൾ കൂടുതലായും ജോലിക്ക് എത്തുന്നത് . ഇക്കുറി നേരത്തെ എത്തിയ കനത്ത ചൂട് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് ഇവർക്ക് . കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് ജോലികൾ ചെയ്യുന്നത്. നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. പുറംജോലികൾ ചെയ്യുന്നവരെ ചൂട് വലക്കുകയാണ്.
പകൽ 10 മണി മുതൽ ജില്ലയിൽ കനത്ത ചൂട് തുടങ്ങുന്നുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത മാസത്തോടെ താപനില 40 ഡിഗ്രിയിൽ എത്തുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പും ഇതിനോടകം താഴ്ന്നു. ചൂട് വർധിക്കുന്നത് കൃഷിയെയും കുടിവെള്ള പദ്ധതികളെയും ബാധിക്കുമോ എന്ന ആശങ്കയും ആളുകൾക്കുണ്ട്.