സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; മുന്നറിയിപ്പ്
|12 ജില്ലകളിൽ ഏപ്രിൽ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം/പാലക്കാട് : സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് താപനില 40 ഡിഗ്രിസെൽഷ്യസും കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികയുള്ള 12 ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. അന്തരീക്ഷ ഈർപ്പം വർധിച്ചതോടെയാണ് ജില്ലയിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു.
പാലക്കാട് ജില്ലയിൽ വേനൽ ചൂട് ഇത്തവണ നേരത്തെ ആരംഭിച്ചിരുന്നു. ദിവസങ്ങൾ പിന്നിടും തോറും ജില്ലയിലെ ചൂട് അസഹനീയമാവുകയാണ്. 41 ഡിഗ്രിയാണ് പാലക്കാട് ജില്ലയിൽ നിലവിലെ താപനില . എന്നാൽ അന്തരീക്ഷ ഈർപ്പം 43 ശതമാനമാണ്. ഇതോടെ പല മേഖലകളിലും 44 മുതൽ 45 ഡിഗ്രി വരെ ചൂടുള്ളതായി അനുഭവപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ജില്ലയിൽ ഇത്രയും അധികം ചൂടെന്ന് സാധാരണക്കാർ പറയുന്നു.
അതിനിടെ ജില്ലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പല സ്ഥലങ്ങളിലും കിണറുകളും കുളങ്ങളും വറ്റി. പുഴകളിലെ നീരൊഴുക്കും കുറഞ്ഞു. വേനൽ മഴ ഇനിയും വൈകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും വിദഗ്ദർ പറയുന്നു.