Kerala
heat warning
Kerala

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

Web Desk
|
3 May 2024 12:51 AM GMT

സംസ്ഥാനത്ത് പലയിടത്തും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടും

തിരുവനന്തപുരം: പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ യെല്ലോ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. മേയ് ആറുവരെ ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്.അതിനിടെ സംസ്ഥാനത്ത് പലയിടത്തും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടും.

ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗത്തില്‍ തീരുമാനമായിരുന്നു. മേയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Related Tags :
Similar Posts