സ്വപ്നയുടെ ഓഫീസും ഫ്‌ളാറ്റും പൊലീസ് വലയത്തിൽ; കനത്ത സുരക്ഷ
|24 മണിക്കൂറും പൊലീസിന്റെ കാവലുണ്ടാകും
പാലക്കാട്: സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിന് കനത്ത പൊലീസ് സുരക്ഷ. സ്വപ്ന ജോലിചെയ്യുന്ന പാലക്കാട്ടെ എച്ച്.ആർ.ഡി.എസിന്റെ ഓഫീസിലും ഫ്‌ളാറ്റിലും പൊലീസ് സംരക്ഷണമേർപ്പെടുത്തി.
24 മണിക്കൂറും പൊലീസിന്റെ കാവലുണ്ടാകും. അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്കാണ് ശബ്ദരേഖ പുറത്തുംവിടുകയെന്ന് സ്വപ്‌ന പറഞ്ഞു. പാലക്കാട് വെച്ചാവും ശബ്ദരേഖ പുറത്തു വിടുകയെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.സ്വപനയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും.
ഷാജ് കിരൺ തന്നെ സമ്മർദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോൾ അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയാണ്. എഡിജിപി എംആർ അജിത് കുമാറിനെയും വിജയ് സാഖറയെയും താൻ വിളിച്ചിട്ടുണ്ട്. സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാൻ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നാണ് ഷാജ് കിരൺ പറയുന്നത്.
കെ.ടി ജലീലിൻറെ പരാതിയിൽ കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഈ കേസ് നിലനിൽക്കില്ലെന്നായിരിക്കും സ്വപ്ന വാദിക്കുക.സ്വപ്നയും പി.സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ജലീലിന്‍റെ പരാതി.