Kerala
മഴ മുന്നറിയിപ്പ്; മലയോര മേഖലകളിൽ കനത്ത ജാഗ്രത, എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ
Kerala

മഴ മുന്നറിയിപ്പ്; മലയോര മേഖലകളിൽ കനത്ത ജാഗ്രത, എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ

Web Desk
|
14 May 2022 4:32 PM GMT

അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് പൊലീസിന് ഡി.ജി.പി നിർദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പൂര്‍ണസമയം പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കും. കണ്‍ട്രോള്‍ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തില്‍ ജില്ലകളിലെ സാഹചര്യം അവലോകനം ചെയ്തു.

അതേസമയം, അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് പൊലീസിന് ഡി.ജി.പിയും നിർദേശം നൽകി. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണമെന്നും വയർലസ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദേശം. കടലോര ജാഗ്രത സമിതികളുമായി ബന്ധപ്പെട്ട് കോസ്റ്റൽ പൊലീസ് സജ്ജമാകണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ബറ്റാലിയൻ എ.ഡി.ജി.പി സേനാ വിന്യാസവും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ദുരന്തനിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മഴ മുന്നറിയിപ്പ് മാറുന്നതുവരെ ജില്ലയില്‍ മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. മഴ മാറുംവരെ തോട്ടം മേഖലയിലുള്ള തൊഴിലാളികളെ പണിയെടുപ്പിക്കുന്നതില്‍ താൽക്കാലിക നിരോധനമുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ നിർബന്ധമായും ഡ്യൂട്ടിക്കെത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജലനിരപ്പ് ഉയർന്നാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 100സെന്‍റി മീറ്റര്‍വരെ ഉയർത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. കക്കാട്ടാറിൽ ജലനിരപ്പ് 50 സെന്റീമീറ്റർ വരെ ഉയർന്നേക്കാം. പമ്പ, കക്കാട്ടാർ തീരത്ത് താമസിക്കുന്ന വർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി കോഴഞ്ചേരി, ആറൻമുള, പ്രദേശവാസികൾക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധന നിരോധനവും ഏർപ്പെടുത്തി. മലയോരമേഖലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ അത്യാവശ്യയാത്രകൾ മാത്രമെ പാടുള്ളൂ. മലയോരമേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. ജില്ലയില്‍ താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം തുറന്നു.

Similar Posts