എറണാകുളത്തും കോഴിക്കോടും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
|ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.കാസർഗോഡ് ജില്ലയിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിലാണ് യെല്ലോ അലേർട്ട്. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോടും എറണാകുളത്തും വരും മണിക്കൂറുകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവർഷം മെയ് 30ന് തന്നെ കേരളത്തിൽ എത്തിയിരുന്നെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം.
വരും ആഴ്ചകളിൽ കാറ്റിന്റെ സ്വാധീനം വർധിക്കുകയും കേരളത്തിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത തുടങ്ങുകയാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.