കനത്ത മഴ തുടരുന്നു; അപകട മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റാൻ നിർദേശം
|നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണമെന്നും തയ്യാറാക്കിയ പട്ടിക വില്ലേജ് ഓഫീസർമാർക്കും പൊലീസിനും നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കാലവർഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി സുപ്രധാന നിർദേശങ്ങൾ എടുത്തത്. നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മലയോര മേഖലകളിൽ താമസിക്കുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന വിലക്കും തുടരുന്നു. ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പ്രളയ സാധ്യത മുന്നിൽ കണ്ട് വലിയ തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രാ നിരോധനം പിൻവലിച്ചു. എന്നാൽ മണ്ണ് കുതിർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. അപകട സാധ്യതാ മേഖലകളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.