കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ-ഗതാഗതം തടസ്സപ്പെട്ടു
|തൃശൂർ ജില്ലയിൽ ഡാമുകൾ നിറഞ്ഞതിനെതുടർന്ന് ഷട്ടറുകൾ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടർ നാല് ഇഞ്ച് ഉയർത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറിയതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
തൃശൂർ ജില്ലയിൽ ഡാമുകൾ നിറഞ്ഞതിനെതുടർന്ന് ഷട്ടറുകൾ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടർ നാല് ഇഞ്ച് ഉയർത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് പറമ്പിക്കുളം തൂണക്കടവ് ഡാമുകളും തുറന്നു. പറമ്പിക്കുളത്തിന്റെ രണ്ട് ഷട്ടറുകളും ഒരു മീറ്റർ 70 സെന്റി മീറ്റർ വീതമാണ് തുറന്നത്. തൂണക്കടവ് ഡാമിന്റെ രണ്ട് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. രണ്ട് ഡാമുകളിൽ നിന്നുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ് എത്തുക. പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ നേരത്തെ തുറന്നിരുന്നു.
കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ അത്യാവശ്യക്കാരല്ലാതെ നഗരത്തിലേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.