Kerala
Heavy rain continues; Widespread damage in the state
Kerala

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

Web Desk
|
26 Jun 2024 1:02 PM GMT

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴ

കോഴിക്കോട്: കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മരം വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. പാലക്കാട് ആലത്തൂർ പത്തനാപുരത്തെ നടപ്പാലം കനത്ത മഴക്ക് പിന്നാലെ തകർന്നു വീണു. 1500 കുടുംബങ്ങൾക്ക് ഗായത്രിപുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലമാണ് തകർന്നത്.

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. മൂന്നാം വളവിലും പത്ത്, പതിനൊന്ന് വളവുകൾക്കിടയിൽ ചുങ്കക്കുറ്റിയിലും ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് എറണാകുളം കോതമംഗലത്ത് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി ആദിവാസി കുടികൾ ഒറ്റപ്പെട്ടു.

പത്തനംതിട്ട പെരുന്നാട് അരയാഞ്ഞിലിമണ്ണ് കോസ് വേ വെള്ളത്തിൽ മുങ്ങി 380 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കോന്നിയിൽ കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചു. മട്ടാഞ്ചേരിയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നു. അഞ്ച് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിനോദസഞ്ചാരികളുടെ അടക്കം നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. തൃശൂർ കുഴൂർ പാറപ്പുറത്ത് മരം കടപുഴകി വീണ് വീട് തകർന്നു. തറേപ്പറമ്പിൽ രാജേഷിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.

ഇടുക്കിയിൽ മരം വീണും മണ്ണിടിഞ്ഞും രണ്ട് വീടുകൾ തകർന്നു. അടിമാലിയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്ന് എ രാജ എം.എൽ.എ പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം നിരോധിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി കാല യാത്രക്കും നിയന്ത്രണമുണ്ട്.

മഴ ശക്തമായതോടെ മധ്യ കേരളത്തിലെ തീരപ്രദേശങ്ങളിൽ വ്യാപക കടലാക്രമണമുണ്ടായി. തൃശ്ശൂർ കടപ്പുറം പഞ്ചായത്തിലെയും കാര വാക്കടപ്പുറത്തെയും നിരവധി വീടുകളിൽ വെള്ളം കയറി. കൊച്ചി ചെല്ലാനത്തും കടലാക്രമണം രൂക്ഷമാണ്. കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ നിരവധി വീട്ടുകളിൽ വെള്ളം കയറി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം ചേർന്നു. ഓൺലൈനായി ചേർന്ന കലക്ടർമാരുടെ യോഗത്തിൽ റവന്യൂ മന്ത്രി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സ്വീകരിക്കേണ്ട മുൻകരുതലുകളും വിലയിരുത്തി. പ്രവചിക്കപ്പെട്ടതിനേക്കാൾ ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ്. വരും ദിവസങ്ങളിലും ഈ നില തുടരാനാണ് സാധ്യത. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, മലങ്കര, പാംബ്ല തൃശൂർ ജില്ലയിലെ പൊരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടർ ഉയർത്തി. തീരദേശത്തും മലയോരങ്ങളിലും കഴിയുന്നവരോട് പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശമുണ്ട്.

Similar Posts