സംസ്ഥാനത്ത് പെരുമഴ: അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്
|മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ റഡാര്‍ ചിത്രപ്രകാരം കേരളത്തിലെ മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ശക്തമായ മഴ പെയ്യുന്നതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വയനാട് ഉരുൾപൊട്ടലിന് പുറമെ കോഴിക്കോട് വിലങ്ങാട് ഭാഗത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഒരാളെ കാണാതായി. താമരശേരി ചുരത്തിൽ നാലാം വളവിൽ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മലപ്പുറത്തും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. വളാഞ്ചേരി – കുറ്റിപ്പുറം പാതയിലെ പാണ്ടിക ശാലയിൽ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കണ്ണൂർ – ഇരിട്ടി കൂട്ടുപുഴ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്.