സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
|ഞായറാഴ്ച 13 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.
തെക്കു-കിഴക്കൻ അറബിക്കടലിൽ മറ്റന്നാളോടെ ന്യൂനമർദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു. ഞായറാഴ്ച 13 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 15 ന് ലക്ഷദ്വീപിൽ അതിതീവ്ര മഴയുണ്ടാകും.
ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായ തീവ്ര മഴയിൽ നഗരം വെള്ളത്തിനടിയിലായിരുന്നു. അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും മിന്നലിൽ പരിക്കേറ്റിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ നാളെ മുതൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.