സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
|ലക്ഷദ്വീപിൽ ശക്തമായ മഴയെ തുടർന്ന് ജനങ്ങളുടെ യാത്ര ദുരിതത്തിലായി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇടപ്പള്ളി, കലൂർ, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. തൃശൂർ പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നു. രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. കോമ്പയാർ പുതകിൽ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. വീട്ടുകാരെ രക്ഷപെടുത്തി. കൊയിലാണ്ടി പൊയിൽക്കാവിൽ ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ലക്ഷദ്വീപിലും ശക്തമായ മഴയെ തുടർന്ന് ജനങ്ങളുടെ യാത്ര ദുരിതത്തിലായി. നിരവധി പേർ കൊച്ചിയിൽ കുടുങ്ങി.
കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദേശങ്ങൾ
2022 മെയ് 18 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിൻറെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിൻറെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.