കനത്ത മഴ; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, തൃശൂരിൽ മണ്ണിടിച്ചിൽ
|എറണാകുളത്തും ശക്തമായ മഴ തുടരുന്നു. മരടിൽ പച്ചക്കറി മാർക്കറ്റും റോഡുകളും വെള്ളത്തിനടിയിലായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മണിക്കൂറുകളായി തുടരുന്ന മഴയിൽ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കഴക്കൂട്ടം കുളത്തൂർ പൗണ്ട് കടവിലെ നിരവധി വീടുകളിൽ വെള്ളം കയറി. പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കനത്ത നീരൊഴുക്കിനെ തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ, പേപ്പാറ ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി. എറണാകുളത്തും ശക്തമായ മഴ തുടരുന്നു. മരടിൽ പച്ചക്കറി മാർക്കറ്റും റോഡുകളും വെള്ളത്തിനടിയിലായി. തൃശ്ശൂർ വാഴച്ചാൽ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴിയും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ. തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.