Kerala
rain kerala
Kerala

തോരാതെ പെരുമഴ: ജലനിരപ്പ് ഉയരുന്നു, കടലാക്രമണം രൂക്ഷം

Web Desk
|
6 July 2023 4:32 AM GMT

കൊല്ലം ബീച്ചിന്റെ ഒരു ഭാഗം കടലെടുത്തു. കടലാക്രമണത്തിൽ സംരക്ഷണ ഭീത്തിക്ക് കേടുപാടുണ്ടായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിലായി വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. മരങ്ങൾ കടപുഴകിയും വീടുകളുടെ മതിൽ ഇടിഞ്ഞുവീണുമാണ് കൂടുതൽ നാശനഷ്ടം. വെള്ളക്കെട്ടും ആളുകളെ വലക്കുന്നുണ്ട്.

തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. ഫയ‍ര്‍ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.

കൊല്ലം: കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ ഇടവിട്ട ശക്തമായ മഴ തുടരുന്നു. ജില്ലയിലെ തീരമേഖലയിൽ കടലാക്രമണം രൂക്ഷമാവുകയാണ്. കൊല്ലം ബീച്ചിന്റെ ഒരു ഭാഗം കടലെടുത്തു. കടലാക്രമണത്തിൽ സംരക്ഷണ ഭീത്തിക്ക് കേടുപാടുണ്ടായി. മുണ്ടയ്ക്കൽ ഭാഗത്ത്‌ നിരവധി വീടുകളിൽ വെള്ളം കയറി. കൊല്ലം ക്ലാപ്പനയിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണു. ക്ലാപ്പന പഞ്ചായത്ത് ഒന്നാം വാർഡ് പഞ്ചവടി വീട്ടിൽ ദീപാംഗുരന്റെ വീട്ടിനു മുകളിലേക്കാണ് തെങ്ങ് വീണത്

പത്തനംതിട്ട: പത്തനംതിട്ട എംസി റോഡിൽ വെള്ളം കയറി. തിരുവല്ല തീരുമൂലം ഭാഗത്താണ് വെള്ളം കയറിയത്. തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായി. പത്തനംതിട്ടയിലെ ജില്ലയിലെ നദികളിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. മണിമലയാറ്റിൽ ജലനിരപ്പ് അപകടനില കടന്നു. പത്തനംതിട്ടയിൽ 30 വില്ലേജുകളിൽ ആണ് മഴക്കെടുതി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ജില്ലയിൽ 38 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ വെള്ളം കയറുന്നു. തിരുവല്ല പൂവപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തും വെള്ളം കയറി. തിരുവല്ല മല്ലപ്പള്ളി താലൂക്കിലാണ് മഴക്കെടുതി രൂക്ഷം.

ഇടുക്കി: ഇടുക്കി മാങ്ങാത്തൊട്ടി -ചെമ്മണ്ണാർ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ചെമ്മണ്ണാർ നാലാം ബ്ലോക്കിന് സമീപത്താണ് മരം വീണത്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Similar Posts