Kerala
പത്തനംതിട്ടയില്‍ രാത്രിയിലും കനത്ത മഴ;  കോട്ടയത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശം
Kerala

പത്തനംതിട്ടയില്‍ രാത്രിയിലും കനത്ത മഴ; കോട്ടയത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശം

Web Desk
|
24 Oct 2021 12:58 AM GMT

മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് മഴ തുടരും. പത്തനംതിട്ട ജില്ലയിൽ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമൺപാറയിലും റാന്നി കുറുമ്പൻമൂഴിയിലും ഉരുൾപൊട്ടി.

കുറുമ്പൻമൂഴിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒരു വീട് തകർന്നു. മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ജില്ലയിൽ നദീ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കോട്ടയത്ത് ജാഗ്രതാനിര്‍ദേശം

മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്‍കി. മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഇന്നലെയുണ്ടായ ഉരുൾപൊട്ടലിനെ തുർന്ന് താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു.

26ആം തിയ്യതി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25, 27 തിയ്യതികളിൽ മഞ്ഞ അലർട്ടും. അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. ഇന്നലെ എരുമേലി നോർത്ത് വണ്ടംപതാലിലും ചേർളിയിലും ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായി. ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. നിലവിൽ 36 ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

1665 കുടുംബങ്ങളിലായി 3917 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. അതേസമയം നഷ്ടമുണ്ടായതിന്‍റെ കണക്കെടുപ്പ് തുടരുകയാണ്. വീടുകൾ നഷ്ടമായവർക്ക് കൂടുതൽ തുക ലഭ്യമാക്കാൻ പുതിയ ഉത്തരവിറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്യുന്നു. മുണ്ടൂർ പാലത്തിനു മുകളിൽ വെള്ളം കയറി. തുഷാരഗിരിയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം നൽകി.

Related Tags :
Similar Posts