Kerala
Heavy rain
Kerala

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Web Desk
|
15 Oct 2024 12:43 AM GMT

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി.

മധ്യ അറബികടലിലെ തീവ്ര ന്യൂനമർദത്തിന്റെയും തെക്കൻ കേരള തീരം മുതൽ അറബിക്കടൽ വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. അടുത്ത 3 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്നു കാലവർഷം പൂർണ്ണമായും വിടവാങ്ങാനും അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്. അതിനിടെ നാളെ ഇടുക്കി ജില്ലയിലും പാലക്കാട് മുതൽ വയനാട് വരെയുള്ള ജില്ലകളിലും മറ്റന്നാൾ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.

അതേസമയം, കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒരുമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കേരളത്തിന്‌ പുറമെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഉണ്ട്.

Related Tags :
Similar Posts