Kerala
വടക്കൻ ജില്ലകളിൽ കനത്ത മഴ; കാസർകോട് പുഴകൾ കരകവിഞ്ഞൊഴുകുന്നു
Kerala

വടക്കൻ ജില്ലകളിൽ കനത്ത മഴ; കാസർകോട് പുഴകൾ കരകവിഞ്ഞൊഴുകുന്നു

Web Desk
|
10 July 2022 1:49 PM GMT

കഴിഞ്ഞ നാല് ദിവസമായി വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

കോഴിക്കോട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റവന്യു വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ നാല് ദിവസമായി വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കാസർകോട് നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും മധുർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വിവിധ ഇടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തേജസ്വിനി പുഴയും മധുവാഹിനി പുഴയും കരകവിഞ്ഞൊഴുകുന്നു. പട്ലയിലും വെള്ളരിക്കുണ്ടിലും നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ കാസർകോട് ജില്ലയിൽ പെയ്തത് 824 മിലിമീറ്റർ മഴയാണ്.

കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‌നി മുബാറക്കിനായി നാവികസേനാ സംഘം തെരച്ചിൽ തുടരുകയാണ്. ചീഫ് ഡൈവിംഗ് തലവന്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്.

നാദാപുരം അരൂരിൽ പുറമേരി സ്വദേശി ബാബ‌ുവിന്റെ ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണു. അപകട സമയത്ത് ബാബുവും യാത്രക്കാരും ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

കണ്ണൂർ ജില്ലയിൽ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ഈ മാസം 17 വരെ നീട്ടി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഇടുക്കിയില്‍ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി ചാലിസിറ്റി സ്വദേശി ബിജു ഗോപാലന്റെ വീട് മരം വീണ് തകർന്നു. അപകട സമയത്ത് ബിജുവും ഭാര്യ സിന്ധുവും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

Related Tags :
Similar Posts