മഴ ശക്തമായി; തൃശൂർ പൂരത്തിലെ വെടിക്കെട്ട് മാറ്റിവെച്ചു
|പകൽപൂരത്തിന് ശേഷമുള്ള വെട്ടിക്കെട്ടിൽ കോപ്പുകൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകർ
തൃശൂർ: മഴ ശക്തമായതോടെ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവെച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. പകൽപൂരത്തിന് ശേഷമുള്ള വെട്ടിക്കെട്ടിൽ കോപ്പുകൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകർ. മണ്ണിൽ കുഴിഞ്ഞിട്ടുള്ള അമിട്ടുകൾ നനഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിവെച്ചിരിക്കുന്നത്. വെടിക്കെട്ടിൽ എന്തൊക്കെ വിസ്മയങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലായിരുന്നു പൂരപ്രേമികൾ.
രണ്ടുവർഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായാണ് തൃശ്ശൂർ പൂരം ഇന്ന് നടന്നത്. കോവിഡ് മഹാമാരിയിൽ ആവേശം നിലച്ച പൂരം കാണാൻ പതിനായിരങ്ങളാണ് തൃശ്ശൂരിലെ വടക്കുംനാഥന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത്. കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തിയതോടെയാണ് പൂരം തുടങ്ങിയത്. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുംനാഥനിലെത്തി. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുംനാഥന് മുന്നിലേക്ക് എത്തി. പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് എന്നീ ദേശങ്ങളുടെയാണ് ഘടകപൂരങ്ങൾ. പത്തുമണിയോടെ പഞ്ചവാദ്യവും മഠത്തിൽ വരവും നടന്നു. ഉച്ചക്ക് രണ്ടുമണിയോടെ പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറമേളവും അരങ്ങേറി. നാലുമണിയോടെ തെക്കോട്ടിറക്കം നടന്നു. അഞ്ചുമണിയോടെ നിറങ്ങളുടെ കാഴ്ചവിസ്മയം തീർക്കുന്ന കുടമാറ്റം തെക്കേ ഗോപുരനടയിൽ നടന്നു. 50 സെറ്റ് കുടകൾ ഇത്തവണയുണ്ടായി.
Heavy rain; Thrissur Pooram Fire Works postponed