സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്
|മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്
തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ നാളെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് നൽകിയിരിക്കുന്നത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും നൽകി. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്ദനം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്.
അതേസമയം, ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങി..സ്റ്റേഡിയം ജങ്ഷന്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഇരുചക്രവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയുമാണ് വെള്ളക്കെട്ട് കാര്യമായി ബാധിച്ചത്. ഡ്രൈനേജ് സംവിധാനം പര്യാപ്തമല്ലാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം.