തെക്കൻ കേരളത്തിൽ നാശം വിതച്ച് കനത്ത മഴ: തിരുവനന്തപുരത്ത് തീരദേശവും മലയോര മേഖലയും വെള്ളത്തിൽ
|തിരുവനന്തപുരത്ത് മലയോര മേഖലയിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രയിനുകൾ പൂർണമായി റദ്ദാക്കി.
സംസ്ഥാനത്ത് ഇന്നും മഴ തുടരും. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
നെയ്യാറ്റിൻകരയിൽ ദേശിയപാതയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാച്ചല്ലൂരിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞ് വാഹനങ്ങൾ തകർന്നു. ശക്തമായ മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലാണ് ശക്തമായ മഴ. വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നത്. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു.
ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില്‍ വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി.
അതേസമയം രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ,തെക്കൻ ജില്ലകളിലാണ് തീവ്രമഴയുണ്ടാകുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും. ഈ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നാല് ദിവസത്തിനകം അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് കേരളത്തിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുക.