Kerala
അസാധാരണ തീവ്രമഴ വരുന്നു; ജാഗ്രതാ നിർദേശം
Kerala

അസാധാരണ തീവ്രമഴ വരുന്നു; ജാഗ്രതാ നിർദേശം

Web Desk
|
1 Aug 2022 1:17 PM GMT

''മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണം''

കൊച്ചി: തുടർച്ചയായി നാല് ദിവസം തീവ്രമഴ ഉണ്ടായാൽ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധാരണ മഴ തീവ്രമായി വരുന്നു. തെക്കൻജില്ലകളിലും മധ്യകേരളത്തിലും നാളെവരെ അതി തീവ്ര മഴയുണ്ടാകും. അണക്കെട്ടുകളിലെ ജല നിരപ്പിനെ കുറിച്ച് ആശങ്ക വേണ്ട. മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മഴക്കെടുതിയിൽ ഇതുവരെ ആറുപേർ മരിച്ചു. ഒരാളെ കാണാതായി. അഞ്ചു വീടുകൾ പൂർണമായും 55 വീടുകൾ ഭാഗീകമായും തകർന്നു. 90പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റി. ബുധനാഴ്ച മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒരുകോടി വീതം ജില്ലകൾക്ക് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂം തുറക്കും. അടിയന്തര സാഹചര്യത്തിന് തയാറായിരിക്കാൻ എല്ലാ സ്റ്റേഷനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യബന്ധത്തിന് പോകരുത്. മഴ തീവ്രമായി തുടരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൂടാതെ തൃശൂരിൽ കുരങ്ങു വസൂരി മൂലം യുവാവ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് സ്ഥിരീകരിച്ചത് കുരങ്ങുവസൂരിയുടെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേതമാണ്. പെട്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ നില മോശമായത്. 20 പേർ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. വിമാനത്തിൽ 165 പേർ ഉണ്ടായിരിന്നു. ഇവർക്ക് അടുത്ത സമ്പർക്കമില്ല. ഇവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും രോഗ ലക്ഷണം ആരും മറച്ച് വയ്ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Similar Posts