Kerala
heavy rain in Kerala
Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വ്യാപക നാശനഷ്ടം; കോഴിക്കോട്ടും തൃശൂരിലും കൊച്ചിയിലും വെള്ളക്കെട്ട്

Web Desk
|
23 May 2024 4:55 AM GMT

കനത്ത മഴ മൂലം കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും വെള്ളം കയറി.

ദേശീയപാതയിൽ പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു. മാവൂർ തെങ്ങിലക്കടവ് ആയംകുളം റോഡ് ഇടിഞ്ഞു. കുന്നമംഗലം പോലീസ് സ്റ്റേഷന്റെ മതിൽ വീടിനു മുകളിലേക്ക് തകർന്നു വീണു. തിരുവമ്പാടിയിൽ വീടിൻ്റെ മതിൽ തകർന്നു.

ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് ആലുവ, കളമശേരി ഭാഗങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ആലുവ മുപ്പത്തടത്ത് കിണർ ഇടിഞ്ഞു. എറണാകുളം മുതൽ വയനാട് വരെ ഏഴുജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്. അതേസമയം ഇന്നലെ രാത്രിയിൽ ആരംഭിച്ച മഴക്ക് അൽപ്പം ശമനമുണ്ടായിട്ടുണ്ട്.

തൃശ്ശൂരിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാകലക്ടർ അടിയന്തര യോഗം വിളിച്ചു. ദുരന്തനിവാരണ ചുമതലയുള്ള എ.ഡി.എം കോർപ്പറേഷൻ സെക്രട്ടറി ജനപ്രതിനിധികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. കോർപ്പറേഷൻ പരിധിയിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കും. വെള്ളക്കെട്ടിന് കാരണം കോർപ്പറേഷനാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു.

കനത്ത മഴ മൂലം കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുകയാണ്. അബൂദബി, മസ്ക്കത്ത് വിമാനങ്ങളാണ് വൈകുന്നത്. കരിപ്പൂരിലേക്കുള്ള ചില വിമാനങ്ങൾ മംഗലാപുരത്തേക്ക് വഴിതിരിച്ചുവിട്ടു. മലപ്പുറം കാക്കഞ്ചേരിയിൽ കനത്ത മഴയെതുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. കാക്കഞ്ചേരി പൈകണ്ണൂരിൽ റോഡിൽ ഗർത്തം രൂപപെട്ടു. മലപ്പുറം ജില്ലയിൽ എടക്കര ടൗണിലും പുളിക്കലിലും വലിയ വെള്ളക്കെട്ട് ഉണ്ടായി.

കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്. മീൻപിടിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണതാണെന്നാണ് കരുതുന്നത്.



Similar Posts