Kerala
രാത്രി വടക്കൻ ജില്ലകളിലും മഴ കനക്കും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം
Kerala

രാത്രി വടക്കൻ ജില്ലകളിലും മഴ കനക്കും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം

Web Desk
|
16 Oct 2021 4:30 PM GMT

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അടുത്ത മണിക്കൂറുകളില്‍ മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്

തെക്കൻ ജില്ലകൾക്കുപിറകെ വടക്കൻ മേഖലയിലും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് വടക്കൻ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയും കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളത്.

ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ, വടക്കൻ ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ശക്തമായ മഴയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയാണ് തുടരുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയർപിൻ വളവുകൾക്കിടയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

നെല്ലിപ്പൊയിൽ-ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുവമ്പാടി ടൗണിൽ വെള്ളം കയറുകയും ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയും ചെയ്തു.

Similar Posts