Kerala
Heavy rain
Kerala

സംസ്ഥാനത്ത് കനത്ത മഴ; സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണ് ഒരാള്‍ക്ക് പരിക്ക്

Web Desk
|
30 Sep 2023 9:16 AM GMT

സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയിൽ മൂവാറ്റുപുഴ യു.പി സ്കുളിൻ്റെ മതിൽ ഇടിഞ്ഞു വീണു. സംഭവത്തിൽ ഒരാള്‍ക്ക് പരിക്ക്. ലോട്ടറിക്കച്ചവടക്കാരനായ സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. ലോട്ടറിക്കച്ചവടം നടത്തുന്ന താൽക്കാലിക ഷെഡിനു മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്.

മലപ്പുറം വടക്കാങ്ങരയിൽ ശക്തമായ കാറ്റിനെ തുടർന്ന് വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. വടക്കാങ്ങര പള്ളിപ്പടിയിൽ 3 വീടുകൾക്ക് മുകളിലാണ് മരം വീണത്.

മലപ്പുറം പുൽപ്പറ്റ പഞ്ചായത്തിലും ശക്തമായ കാറ്റിനെ തുടർന്ന് വലിയ നാശ നഷ്ടമുണ്ടായി. പാലോട്ടിൽ വീടുകൾക്ക് മുകളിൽ മരം മറിഞ്ഞു വീണു. പ്രദേശത്ത് ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ ശക്തി പ്രാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലോട്ട്. ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Similar Posts