മഴ കനക്കും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
|ലക്ഷദ്വീപിനു മുകളിലെ ന്യൂനമർദ്ദം മഴ കനക്കാൻ കാരണമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇതോടെ പത്തനംതിട്ടയിലും എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ടാണ്. അതേസമയം കോട്ടയം ജില്ലയിലെ യെല്ലോ അലർട്ട് പിൻവലിച്ചു.
മുന്നറിയിപ്പു നൽകിയിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ മുതൽ ഈ മാസം 16 വരെ മഴ തുടരാനാണ് സാധ്യത. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തികൂടിയ ന്യൂനമർദ്ദമാണ് മഴ കനക്കാൻ കാരണമാകുന്നത്.
ഇത് വരും ദിവസങ്ങളിൽ ഇത് അതിതീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുമുണ്ട്. ഇതിനു പുറമേ ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാത ചുഴികളും നിലനിൽക്കുന്നുണ്ട്. തെക്കൻ കേരളാ തീരം മുതൽ അറബി കടൽ തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതും മഴ ശക്തമാകാൻ കാരണമാകും.