കരയിലും കായലിലും മുഖ്യമന്ത്രിക്ക് വൻ സുരക്ഷ
|പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സുരക്ഷയൊരുക്കിയത്
കാസർകോട്: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തേജസ്വിനി പുഴയിലും സുരക്ഷയൊരുക്കി. നീലേശ്വരം ഹൗസ് ബോട്ട് ടെർമിനലിന്‍റെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി കോട്ടപ്പുറത്ത് എത്തിയത്. ഇവിടെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടർന്നാണ് സുരക്ഷ ഒരുക്കിയത്. ബേക്കൽ, തൃക്കരിപ്പൂർ കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിലാണ് തേജസ്വിനി പുഴയിൽ സുരക്ഷ ഒരുക്കിയത്. രണ്ട് ബോട്ടുകളിലാണ് കോസ്റ്റൽ പൊലീസ് സുരക്ഷ ഒരുക്കുന്നത്. പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
ഇന്ന് കണ്ണുരിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. കണ്ണുരിലും കാസർകോടും മുഖ്യമന്തിയുടെ യാത്രയുടെ സുരക്ഷക്കായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. 15 ഡി.വൈ.എസ്.പിമാരുടെയും 40 ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലാണ് ജില്ലയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 600 പോലീസുകാർക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ചു പരിപാടികളിൽ ആണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.