ഹെലികോപ്റ്റർ അപകടം: എ പ്രദീപിന്റെ സംസ്കാരം ഞായറാഴ്ച
|മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ സംസ്കാരം ഞായറാഴ്ച നടക്കും. കേന്ദ്രസഹമന്ത്രി വി മുരളീധരൻ മൃതദേഹത്തെ ഡൽഹിയിൽ നിന്ന് അനുഗമിക്കും. കേരള അതിർത്തിയിൽ വെച്ച് മന്ത്രിമാരായ കെ രാജനും കൃഷ്ണൻകുട്ടിയും പ്രദീപിന്റെ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു. സുളൂർ വ്യോമത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്.
മൃതദേഹം 11 മണി മുതൽ സുളൂർ വ്യോമസേന സ്റ്റേഷനിൽ പൊതു ദർശനം നടക്കും. പിന്നീട് 12 മണിക്ക് റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ട് വരും. നാലു മണിയോടെ പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പൊതു ദർശനത്തിന് അവസരമൊരുക്കും. ശേഷം വീട്ടു വളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തും. ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാൻ കഴിയാതിരുന്നത്.