ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി
|ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്.
അതിനിടെ, കേസുകളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ യോഗം പരിശോധിക്കും. വെളിപ്പെടുത്തലുകളില്‍ കേസെടുക്കുന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമെടുക്കും.
റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്ന് സൂചനയുണ്ട്. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഡബ്ല്യുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്.
കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്കു മുന്നിൽ വെയ്ക്കും. സിനിമാമേഖലയിൽ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്കു നീങ്ങാനുള്ള തീരുമാനവും അറിയിക്കും.