'സഹകരിക്കുന്നവര്‍ക്ക് കോഡ് പേര്, വഴങ്ങാത്തവര്‍ക്ക് അവസരം നിഷേധിക്കുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്
|'ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം'
എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ്പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
'സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നു.'- റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്.
മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. അടിസ്ഥാന സൗകര്യങ്ങൾ പോലും മലയാള സിനിമയിൽ സ്ത്രീകൾക്ക് നിഷേധിക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകൾ സ്ത്രീ സുരക്ഷിതരല്ലെന്നും കൂടെ ഉറങ്ങാൻ നിർബന്ധിതരാക്കുന്നതായും റിപ്പോർട്ട്.
'അഭിനയം പാഷൻ ആക്കുന്നവരെ വളറെയധികം ഉപദ്രവിക്കുന്നു. ആലിംഗനം ചെയ്യുന്ന സീൻ 17 തവണ വരെ ചെയ്യേണ്ടിവന്നു. വസ്ത്രം മാറുന്നത് കുറ്റിച്ചെടികളുടെയും മരത്തിന്റെയും മറവിലാണ്. സിനിമയിൽ എത്തുന്ന സ്ത്രീകൾ പണത്തിന് വേണ്ടി മാത്രം എത്തുന്നവർ എന്ന വിലയിരുത്തൽ സിനിമ മേഖലയിൽ ഉള്ളവർക്ക് ഉണ്ട്. അവർ അതിന് വേണ്ടി എന്തും വിട്ടുവീഴ്ച ചെയ്യും എന്ന് ധരിച്ചു വച്ചിരിക്കുന്നു. പരാതി പറയുന്നവരുടെ അവസരം നിഷേധിക്കപ്പെടുന്നു. അതിനാൽ സ്ത്രീകൾ വഴങ്ങുമെന്നും ഇത്തരക്കാർ കരുതുന്നു'- റിപ്പോർട്ട്