ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം
|അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് എസ് ഐ ടി യുടെ നടപടി
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. താരസംഘടന അമ്മയുടെ മുൻ ഭാരവാഹികളുടെയും പരാതിക്കാരുടെയും മൊഴിയെടുത്തു. അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് എസ് ഐ ടി യുടെ നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് തുടർനടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേശ്വരന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ തീരുമാനമായിരുന്നു. പിന്നാലെയാണ് മൊഴിയെടുപ്പ് നടപടികളിലേക്ക് അന്വേഷസംഘം കടന്നത്. പരാതിക്കാരുടെയും താരസംഘടനയായ അമ്മയുടെ മുൻ ഭാരവാഹികളുടെയും മൊഴി എടുത്തിട്ടുണ്ട്. ഓരോരുത്തരെയും നേരിൽ കണ്ടായിരുന്നു നടപടി. താരങ്ങൾ താമസിച്ച കൊച്ചിയിലെ ഹോട്ടലിലും സംഘം പരിശോധന നടത്തി. മൊഴി നൽകിയ പരാതിക്കാർ പരാതിയുമായി മുന്നോട്ടു പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ നേരത്തെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രാവച്ച കവറിൽ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകിയിരുന്നു.
റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമാണ് സംഘം മൊഴിയെടുപ്പ് നടപടികളിലേക്ക് കടന്നത്. ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് അടുത്തമാസം മൂന്നിന് കേസ് പരിഗണിക്കുമ്പോൾ അന്വേഷണ പുരോഗതി സർക്കാർ കോടതിയെ അറിയിക്കും.