ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
|റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പുനരാലോചന. റിപ്പോർട്ട് ഇന്ന് രാവിലെ 11ന് പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതി പറഞ്ഞിട്ടില്ല. എങ്കിലും ഹരജി നിലനിൽക്കെ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. 2017ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി 2019 ഡിസംബറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.