ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, നിര്‍ദേശങ്ങള്‍ നടപ്പാക്കണം; 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്ന് ജന. സെക്രട്ടറി സിദ്ദിഖ്
|സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും സിദ്ദിഖ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് അമ്മക്കെതിരല്ലെന്നും റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നതല്ലെന്നും സിദ്ദിഖ് വ്യക്കതമാക്കി. വർഷങ്ങളായി സിനിമാ രംഗത്തുപ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് മറുപടി നൽകാൻ വൈകിയതെന്ന് സിദ്ദീഖ് വിശദമാക്കി. അമ്മ എന്ന സംഘടനയെ പ്രതിസ്ഥാനത്തു നിർത്താനാണ് മാധ്യമങ്ങളുടെ ശ്രമം, അത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അമ്മയുടെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചതാണ്. അത് അറിയിക്കുകയും ചെയ്തു. സിനിമ മേഖലയിലെ വനിതകളുടെ ബുദ്ധിമുട്ട് പഠിക്കാനുള്ള റിപ്പോർട്ടാണിത്. അമ്മയ്ക്കെതിരെയുള്ള റിപ്പോർട്ടല്ല. കമ്മിറ്റി റിപ്പോർട്ടിനൊപ്പമാണ് അമ്മയും. സിദ്ദീഖ് പറഞ്ഞു.
മലയാള സിനിമാ മേഖലയെ മുഴുവൻ മോശം രീതിയിൽ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമാ മേഖലയിൽ എല്ലാം ഇങ്ങനെയാണെന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. 40 വർഷമായി സിനിമയിലുള്ളയാളാണ് താൻ. ഏതാണ് പവർ ഗ്രൂപ്പ് എന്നറിയില്ല. ഗ്രൂപ്പിൽ ആരൊക്കെയാണെന്ന് ഹേമ കമ്മിറ്റി പറയട്ടെ. പവർ ഗ്രൂപ് ഉണ്ടെന്ന് ആരാണ് കമ്മിറ്റിയെ അറിയിച്ചതെന്നും അറിയില്ല. സിദ്ദീഖ് പറഞ്ഞു.
രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതിപ്പെട്ടിരുന്നു. മെയിൽ വഴി നൽകിയ പരാതി ശ്രദ്ധയിൽ പെട്ടില്ല. പരാതി അവഗണിച്ചത് തെറ്റാണ്. അതിൽ ഇനിയെന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു. ലൈംഗിക പ്രശ്നങ്ങൾ മാത്രമല്ല സിനിമയിലുള്ളത്. പ്രതിഫലം ലഭിക്കാതിരിക്കുന്ന ചില പ്രശ്നങ്ങളുമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ നിന്ന് മോശമായ ഒരനുഭവവും ഉണ്ടായിട്ടില്ലെന്ന് നടി ജോമോൾ പ്രതികരിച്ചു. എന്റെ കതകിൽ ആരും മുട്ടിയിട്ടില്ലെന്നും അത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു. അമ്മ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി അമ്മയിൽ തന്നെ ഭിന്നത നിലനിൽക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതിൽ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്‍റ് ജയൻ ചേർത്തല പ്രതികിച്ചതിന് പിന്നാലെയാണ് 'അമ്മ' യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.