കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു
|കോർപറേഷൻ ആരോഗ്യ വിഭാഗം ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു. മലാപറമ്പ് പ്രദേശം ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ പതിമൂന്നാം വാർഡിൽ മാത്രം പന്ത്രണ്ട് മഞ്ഞപ്പിത്തം കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശീയ പാതക്ക് സമീപം വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനാൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം. രോഗവ്യാപനം തടയുന്നതിന് കോർപറേഷൻ ആരോഗ്യ വിഭാഗം ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും കുടിവെള്ളത്തിൽ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് കോർപറേഷൻ ആരോഗ്യവകുപ്പ് വിശദീകരിച്ചു. ചെറിയ കുട്ടികളുൾപ്പടെ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് സ്ഥിതി രൂക്ഷമാകാൻ കാരണം.