സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി
|സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളി.
തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ ഹൈബി ഈഡൻ എം.പിക്ക് ആശ്വാസം. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് ഹൈബി ഈഡനെ കുറ്റം മുക്തനാക്കി.
റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. ഹൈബി ഈഡനെതിരായ പരാതിയിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ നേരത്തെ റിപ്പോർട്ട് തയാറാക്കിയിരുന്നു.
റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹരജി നൽകി. ഈ ഹരജി തള്ളിയാണ് കോടതി നടപടി.
അതേസമയം, സോളാർ പീഡന ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം. അടുത്തമാസം 18ന് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച സ്വകാര്യ അന്യായ ഹരജിയിലാണ് കോടതി നടപടി. സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹരജിയിലെ ആരോപണം.
അതേസമയം, സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കാനും കോടതി നിർദേശം നൽകി. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. കെ.ബി ഗണേഷ്കുമാറും ശരണ്യ മനോജും സോളാർ കേസിലെ പരാതിക്കാരിയും ചേർന്നാണ് പീഡനപരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് എന്നായിരുന്നു സിബിഐ കണ്ടെത്തൽ.