ഹൈക്കമാൻഡ് ഇടപെട്ടു, നിലപാട് മയപ്പെടുത്തി വി.ഡി സതീശൻ: മിഷൻ 2025മായി സഹകരിക്കും
|നാളെ മലപ്പുറത്ത് നടക്കുന്ന ഡി.സി.സി ക്യാംപ് എക്സ്ക്യുട്ടീവിലും അദ്ദേഹം പങ്കെടുക്കും
തിരുവനന്തപുരം: വിവാദങ്ങൾക്കുപ്പിന്നാലെയുള്ള വിട്ടുനിൽക്കൽ അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മിഷൻ 2025 മായി സഹകരിക്കാൻ തീരുമാനിച്ച അദ്ദേഹം നാളെ മലപ്പുറത്ത് നടക്കുന്ന ഡി.സി.സി ക്യാംപ് എക്സ്ക്യുട്ടീവിൽ പങ്കെടുക്കും. ഹൈക്കമാൻഡ് ഇടപെടലിന് പിന്നാലെയാണ് സതീശൻ നിലപാട് മയപ്പെടുത്തിയത്.
തനിക്കെതിരായ വിമർശനങ്ങളിൽ ഹൈക്കമാൻഡ് ഇടപെടണമെന്ന ആവശ്യത്തിലുറച്ച് നിന്ന വി.ഡി സതീശൻ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്നുൾപ്പെടെ വിട്ടുനിന്നിരുന്നു. ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നത് വരെ യോഗങ്ങളിൽ നിന്ന് വിട്ട് നിൽക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. വിട്ടുനിൽക്കലിന്റെ സൂചനയായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോട്ടയം, തിരുവനന്തപുരം ഡി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് മീറ്റിങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട് സതീശനെതിരെ വലിയ രീതിയിലുള്ള വിമർശനമുയർന്നിരുന്നു.
വയനാട്ടിൽ കെ.പി.സി.സി നടത്തിയ ചിന്തൻ ശിബിർ അഥവാ ക്യാമ്പ് എക്സിക്യൂട്ടീവിലാണ് മിഷൻ 2025 എന്ന പേരിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കർമപരിപാടിയുടെ കർമരേഖ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അവതരിപ്പിച്ചത്. ക്യാമ്പിന് ശേഷമുള്ള തുടർപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകാനും തീരുമാനമായിരുന്നു. എന്നാൽ ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങി. സംഘടനാ കാര്യങ്ങളുടെ നിയന്ത്രണം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുന്നുവെന്ന പരാതിയാണ് കഴിഞ്ഞദിവസം ഒരു വിഭാഗം നേതാക്കൾ കെ.പി.സി.സി യോഗത്തിൽ ഉന്നയിച്ചത്.
ഓരോ ജില്ലയിലും കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ചുമതലയുണ്ട്. അതിനുപുറമെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടം എന്ന രീതിയിൽ മുതിർന്ന നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകി. ഇത് ജനറൽ സെക്രട്ടറിമാരെ ചെറുതാക്കാനാണെന്നായിരുന്നു പരാതി. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു സർക്കുലർ വന്നതും വിവാദമായി. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് വാർഡ് വിഭജനം, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചുമതലകൾ, വാർഡ് കമ്മിറ്റികളുടെ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട സർക്കുലർ വന്നത്.
സംഘടനാ കാര്യങ്ങൾ സർക്കുലറായി ഇറക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്ന പരാതിയാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് താൻ നേതൃത്വം നൽകുമെന്ന തീരുമാനം ക്യാമ്പിലുണ്ടായപ്പോൾ എതിർക്കാത്തവർ ഇപ്പോൾ വിമർശിക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. അതിനാൽ ഹൈക്കമാൻഡ് ഇടപെടട്ടെയെന്ന നിലപാടാണ് വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. വിഷയം വാർത്തയായതിനു പിന്നാലെ ഹൈക്കമാൻഡ് ഇടപെടുകയായിരുന്നു.