വിവാദ മരംമുറി: നിലവിലെ നിയമം മറികടന്ന് ഉത്തരവിറക്കിയത് ആശങ്കാജനകമെന്ന് ഹൈക്കോടതി
|രേഖകളില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ചെന്നും പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് വ്യക്തമാണെന്നും കോടതി
വിവാദ മരംമുറിക്ക് നിലവിലുള്ള നിയമം മറികടന്ന് ഉത്തരവിറക്കിയത് ആശങ്കാജനകമെന്ന് ഹൈക്കോടതി. സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങളാണ് മുറിച്ചത്. രേഖകളില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ചെന്നും പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ മുന്‍കൂർ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം.
മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും മരംമുറിക്കാന്‍ പ്രതികള്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും കോടതി നിരീക്ഷിച്ചു. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി വിമര്‍ശിച്ചു. പ്രതികള്‍ ഇത്രയധികം ഈട്ടിത്തടികള്‍ എങ്ങനെ സംഘടിപ്പിച്ചെന്ന് കോടതി ആരാഞ്ഞു.
റിസര്‍വ് വനത്തില്‍ നിന്നല്ല പട്ടയ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും പ്രതികളെ ചോദ്യംചെയ്യണമെന്നും ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ വാദിച്ചു.