'ബെംഗളൂരുവിൽ എൽ.എൽ.ബിക്ക് പഠിക്കണം'; ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ അനുപമക്ക് ജാമ്യം
|2023 നവംബർ അവസാനമാണ് ഓയൂർ ഓട്ടുമലയിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
കൊച്ചി: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽ.എൽ.ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. കൊല്ലം ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
അനുപമയാണ് കേസിന്റെ കിങ് പിൻ എന്ന വാദമുയർത്തി ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, കേസിലെ ഒന്നും രണ്ടും പ്രതികൾ മാതാപിതാക്കളാണ് എന്നുമായിരുന്നു അനുപമയുടെ വാദം. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് അനുപമയ്ക്ക് ജാമ്യം അനുവദിച്ചത്.
2023 നവംബർ അവസാനമാണ് ഓയൂർ ഓട്ടുമലയിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. വൈകിട്ട് ട്യൂഷന് പോകുമ്പോൾ കാറിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഡിസംബർ ഒന്നിനാണ് പ്രതികളായ കവിതാരാജിൽ കെ.ആർ പത്മകുമാർ (51), ഭാര്യ എം.ആർ അനിതകുമാരി (39), മകൾ വി. അനുപമ (21) എന്നിവർ പിടിയിലായത്.